കൊച്ചി : കേരളാ കോണ്‍ഗ്രസിന് സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരവും പോയി. ഇതോടെ പിജെ ജോസഫ് മറ്റൊരു പ്രതിസന്ധിയിലും. ഇത് മറികടക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. സംസ്ഥാന പാര്‍ട്ടി അംഗീകാരത്തിന് നാല് എംഎല്‍എ.മാരുടെ പിന്തുണ അനിവാര്യമായിരിക്കെ കേരള കോണ്‍ഗ്രസില്‍ അതിനുള്ള ആലോചനകള്‍ സജീവം.
പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബ്, പാലായില്‍നിന്ന് വിജയിച്ച മാണി സി. കാപ്പന്‍ എന്നിവരെ ഒപ്പം കൂട്ടാനാണ് നീക്കം. മധ്യസ്ഥന്മാര്‍ വഴി ഇവരുമായി സംസാരിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആ വെള്ളം വാങ്ങിയേക്കാന്‍ കാപ്പനും അനൂപും പറഞ്ഞു കഴിഞ്ഞു. ഇതോടെ സംസ്ഥാന പാര്‍ട്ടിയാക്കാനുള്ള പി.ജെ ജോസഫിന്റെ യുടെ തന്ത്രംപാളി. മുമ്പും അനൂപ് ജേക്കബിനെ കേരളാ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു.
നിലവില്‍ പി.സി. തോമസുമായി ലയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്റ്റേഡ് പാര്‍ട്ടി സ്ഥാനംനേടി. ഇപ്പോള്‍ കിട്ടിയ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന്‍ എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കില്‍ അംഗീകൃത പാര്‍ട്ടിയാകണം. അതിന് നാല് എംഎല്‍എ.മാരോ അല്ലെങ്കില്‍ രണ്ട് എംഎല്‍എ.മാരും ഒരു എംപി.യോ ഒപ്പമുണ്ടാകണം. ആറ് ശതമാനം വോട്ടെന്ന നിബന്ധനയും നേടാനായില്ല. പാര്‍ട്ടിക്ക് 5.50 ശതമാനമാണ് വോട്ട്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് സീറ്റ് വാങ്ങി എടുക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. അതിന് സംസ്ഥാന പാര്‍ട്ടിയെന്ന ലേബലും അനിവാര്യമാണ്.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ അനൂപ് ജേക്കബുമായി ജോസഫ് നേരിട്ടും ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അനൂപുമായും കാപ്പനുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനം കിട്ടുമെന്നതിനാല്‍ അനൂപ് ഇതിനോട് താത്പര്യം കാട്ടിയില്ല. ജോണി നെല്ലൂര്‍ അനൂപിനെ വിട്ട് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചതിനാല്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ മടികാണിച്ചു. ഇതേ സാഹചര്യങ്ങള്‍ ഇപ്പോഴും ഉണ്ട്.
പിറവത്ത് വലിയ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് ഇത്തവണ ജയിച്ചത്. ഇടതു തരംഗത്തില്‍ മികച്ച വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അനൂപ്. ഇതിനൊപ്പം യാക്കോബായക്കാരുടെ പാര്‍ട്ടി കൂടിയാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ്. അതിനാല്‍ പിജെ ജോസഫിനൊപ്പം പോയി പാര്‍ട്ടിയുടെ വ്യക്തിത്വം കളയാന്‍ അനൂപ് ജേക്കബിന് താല്‍പ്പര്യമില്ല. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ കേരളാ കോണ്‍ഗ്രസില്‍ അതൃപ്തരാണ്. ഇത്തവണ 10 സീറ്റിലാണ് കേരളാ കോണ്‍ഗ്രസ് യുഡിഎഫിനായി മത്സരിച്ചത്. ഇതില്‍ ജയിച്ചത് തൊടുപുഴയിലും കടുത്തുരുത്തിയിലും. അതില്‍ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് കഷ്ടിച്ചാണ് കടന്നു കൂടിയത്.
ഇത്തരത്തില്‍ ദുര്‍ബലരായ പാര്‍ട്ടിക്ക് ശക്തികൂട്ടാന്‍ അനൂപ് ജേക്കബ് ലയനത്തിന് കൂട്ടു നില്‍ക്കില്ല. കാപ്പനെ സംബന്ധിച്ചിടത്തോളം സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് രണ്ട് സീറ്റും മത്സരിക്കാന്‍ നേടിയ സാഹചര്യത്തില്‍ മറ്റൊരു ലയനം താത്പര്യപ്പെട്ടില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാലായെ അവരുടെ സിറ്റിങ് സീറ്റായാണ് കണക്കാക്കുന്നത്. അത് കാപ്പന് വിട്ടുകൊടുക്കുന്നതായി ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് എലത്തൂര്‍ സീറ്റും യുഡിഎഫ് നല്‍കി. ഈ സാഹചര്യത്തില്‍ ഇനി ജോസഫിനൊപ്പം പോകേണ്ട സാഹചര്യം മാണി സി കാപ്പനുമില്ല.