തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ ചുമതലനല്‍കുന്നതിലും ബി.ജെ.പി. ദേശീയ നേതൃത്വം അവഗണിച്ചതില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അമര്‍ഷം. എ.പി.അബ്ദുളളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയപ്പോഴും കൃഷ്ണദാസിനെ പരിഗണിച്ചില്ല. കേന്ദ്രസഹമന്ത്രി വി.മുരളീധരന് ആന്ധ്രയുടെ ചുമതലകൂടി നല്‍കിയത് അസ്വാഭാവിക നീക്കമായാണ് വിലയിരുത്തുന്നത്. ബി.ജെ.പി.ദേശീയ പുനഃസംഘടനയില്‍ അവഗണിക്കപ്പെട്ട കൃഷ്ണദാസ് പക്ഷം ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തെലങ്കാനയിലെ പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പകരം ചുമതല കൃഷ്ണദാസിന് നല്‍കിയുമില്ല.
ഇതോടെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കൃഷ്ണദാസിന് സ്ഥാനം നല്‍കാത്തതിന്റെ കടുത്ത അതൃപ്തിയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക്.
കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലെത്തിയ എ.പി.അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് ആക്കിയതിന് പിന്നാലെ ഇപ്പോള്‍ ലക്ഷദ്വീപിന്റെ ചുമതല കൂടി നല്‍കിയിരിക്കുകയാണ്. ഇതും അവഗണനയുടെ ആഴം വര്‍ധിപ്പിക്കുന്നു. എതിര്‍ചേരി നിയന്ത്രിക്കുന്ന വി.മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കിയതും മറുപക്ഷത്തെ കൂടുതല്‍ അസ്വസ്ഥരാക്കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ നല്ല സ്വാധീനമുളള മുരളീധരപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് പി.കെ.കൃഷ്ണദാസ് ഒതുക്കപ്പെട്ടതെന്ന ചിന്ത മേല്‍ത്തട്ട് മുതല്‍ താഴെത്തട്ട് വരെയുളള നേതാക്കള്‍ക്കുണ്ട്.