മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിച്ച് വ്യാജ വാര്‍ത്ത നല്‍കിയ കൈരളി ചാനലിനെതിരേ നിയമനടപടി. സ്വര്‍ണക്കടത്ത് കേസില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലാതോടുകൂടിയാണ് പാര്‍ട്ടിയെ രക്ഷിക്കാന്‍ കൈരളി ചാനല്‍ വ്യാജ വാര്‍ത്തകളുമായി രംഗത്തുവന്നത്. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികള്‍.
കൈരളി ചാനലില്‍ വന്ന വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ കേന്ദ്ര അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാര്‍ ഒന്നടങ്കവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധത്തിലാണ്. നിയമവിരുദ്ധമായി ഖുര്‍ആന്‍ കടത്തിയ കേസിലാണ് കെ.ടി ജലീല്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജലീലിനെതിരായ സമരം ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാര്‍ട്ടി ചാനല്‍ രംഗത്ത് വരുന്നത്.