തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് പി.കെ. ശ്രീമതി. യുഡിഎഫ് ഒരിക്കലും സ്ത്രീകളെ വിജയ സാധ്യതയുള്ള സീറ്റുകളില്‍ മത്സരിപ്പിക്കാറില്ല. യുഡിഎഫിനെ അപേക്ഷിച്ച് ഇടതുപക്ഷം സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. ആനി രാജയുടെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കാനാകില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് പരാജയമാണ്.
സ്ത്രീവിരുദ്ധമായ നിലപാട് പലരും സ്വീകരിക്കുന്നുണ്ട്. ഇടതുമുന്നണിയില്‍ എപ്പോഴും സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്. നാലോ അഞ്ചോ പേരെ ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കും. എന്നാല്‍ യുഡിഎഫ് ഇങ്ങനെ ചെയ്യില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു. സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം കൂട്ടത്തോല്‍വിയെന്നാണ് സിപിഐ നേതാവ് ആനി രാജ ഇന്നലെ പറഞ്ഞത്. ഇടതുപക്ഷ മുന്നണിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായതെന്നും ആനി രാജ പറഞ്ഞിരുന്നു.