ഫ്ലോറിഡ : ഫ്ലോറിഡ വിമാനത്താവളത്തില്‍ നിന്നും 284 യാത്രക്കാരുമായി ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിമാനത്തില്‍ തീ പടര്‍ന്നത്. ഫ്ലോറിഡയിലെ ഓർലാന്‍റോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഓർലാന്‍റോയില്‍ നിന്നും അറ്റ്ലാന്‍റയിലേക്ക് പോവാന്‍ തയ്യാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 1213 -ന്‍റെ എഞ്ചിനിലാണ് തീ പടര്‍ന്നത്.
വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍ നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വിമാനത്തിന് സമീപത്ത് കൂടി നടക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്‍റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനത്തിന്‍റെ രണ്ടാമത്തെ എഞ്ചിനില്‍ നിന്നും പുകയുയര്‍ന്നതിന് പിന്നാലെ യാത്രക്കാരെ, എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിതരമാക്കിയെന്ന് എയര്‍ലൈന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിശമന ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.
https://x.com/SLCScanner/status/1914393042615984189
തീപടര്‍ന്നപ്പോൾ എയര്‍ ബസ് എ 330 എയര്‍ ക്രാഫ്റ്റില്‍ 282 യാത്രക്കാരും 10 ഫ്ലൈറ്റ് അറ്റന്‍റര്‍മാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഉണ്ടായിരുന്നത്.
വിമാനത്തിന്‍റെ രണ്ട് എഞ്ചിനുകളിലൊന്നിന്‍റെ ടെയിൽ പൈപ്പിൽ തീ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഫ്ലൈറ്റ് ക്രൂ അംഗങ്ങൾ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നതായി ഡെൽറ്റ അറിയിച്ചു. ക്യാബിന്‍ ക്രൂവിന്‍റെ പെട്ടെന്നുള്ള ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി. അതേസമയം വിമാനത്തിന്‍റെ രണ്ടാമത്തെ എഞ്ചിനില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.