ഹോണ്ടുറാസിലെ കരീബിയൻ ദ്വീപിൽ നിന്ന് പറന്നുയരുന്നതിനിടെ ഒരു ചെറുവിമാനം കടലിൽ തകർന്നുവീണ് 12 പേർ മരിച്ചതായി റിപ്പോർട്ട്. മധ്യ അമേരിക്കൻ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോട്ടനിൽ നിന്ന്, കരയിലെ ലാ സീബ തുറമുഖത്തേക്ക് പോകുന്നതിനായി രാത്രിയിലായിരുന്നു ലാൻസ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടത്. വിമാനം “റൺവേയുടെ വലതുവശത്തേക്ക് പെട്ടെന്ന് തിരിയുകയും വെള്ളത്തിലേക്ക് വീണു” എന്നുമാണ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ കാർലോസ് പാഡില്ല പറയുന്നത്. അപകടത്തിൽ 12 പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തുകയും, ഒരാളെ കാണാതായിട്ടുമുണ്ട്.
ഗാരിഫുന സംഗീത രംഗത്തെ പ്രശസ്തനായ ഹോണ്ടുറാൻ സംഗീതജ്ഞൻ ഔറേലിയോ മാർട്ടിനെസും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പരിക്കേറ്റ യാത്രക്കാരിൽ 40 വയസ്സുള്ള ഒരു ഫ്രഞ്ച് പൗരനും ഉൾപ്പെടുന്നു, അദ്ദേഹത്തെ മെയിൻ ലാൻഡിലെ സാൻ പെഡ്രോ സുല നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അഗ്നിശമന വകുപ്പിലെ മേജർ വിൽമർ ഗ്വെറേറോ പറഞ്ഞു. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും ഉൾപ്പെടെ ആകെ പതിനഞ്ച് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മെക്കാനിക്കൽ തകരാർ മൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി സായുധ സേന, അഗ്നിശമന സേനാംഗങ്ങൾ, മറ്റുള്ളവർ എന്നിവരടങ്ങുന്ന ഒരു അടിയന്തര സമിതി “ഉടനടി” സജീവമാക്കിയതായി ഹോണ്ടുറാൻ പ്രസിഡന്റ് സിയോമാര കാസ്ട്രോ പറഞ്ഞു.