ന്യൂഡല്‍ഹി : രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ നിലവില്‍ വരും. 2022 ജൂലായ് ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്. ഡിസംബര്‍ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കേരളത്തില്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് അവ ഇപ്പോഴും സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. ആദ്യം പരിശോധന കര്‍ശനമായിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയി.
സംസ്ഥാനത്ത് നോണ്‍-വൂവണ്‍ കാരി ബാഗുകള്‍ ഉള്‍പ്പെടെ 120 മൈക്രോണില്‍ താഴെയുള്ളവ പൂര്‍ണമായി നിരോധിച്ചിരുന്നു. എന്നാല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ മാലിന്യം കൈകാര്യംചെയ്യാനും മറ്റുമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി.
75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് നിരോധനം വരുന്നത്. ആദ്യതവണ നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിഴ 10,000 രൂപയാണ്. ആവര്‍ത്തിച്ചാല്‍ 25,000 രൂപ പിഴ നല്‍കണം. തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. വീണ്ടും പ്രവര്‍ത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കും.
നിരോധിച്ച വസ്തുക്കള്‍ ഇവയാണ്; പ്ലാസ്റ്റിക് കാരിബാഗ്, സ്റ്റെറോഫോം, തെര്‍മോകോള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കടലാസ് കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മേശയില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലീ ലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകള്‍, പി.വി.സി ഫ്ളെക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്