ചെന്നിത്തല : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്കു പിഴയിട്ടു. എൻ.ആർ.സി. സൂപ്പർ മാർക്കറ്റിന് 10,000 രൂപയും ദീപ മെഡിക്കൽസിന് 5,000 രൂപയുമാണ് പിഴയിട്ടത്. സൂപ്പർമാർക്കറ്റിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. 18 കിലോയുടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചതിന് ലാവണ്യ സ്റ്റോഴ്സിന് 5,000 രൂപ പിഴയിട്ടു. ഒരാഴ്ചയ്ക്കകം പിഴവുകൾ പരിഹരിക്കാൻ എൻ.ആർ.സി. സൂപ്പർ മാർക്കറ്റിനും ലാവണ്യ സ്റ്റോഴ്സിനും നിർദേശം നൽകി.
കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുറകിൽ കൂട്ടിയിട്ടിരിക്കുന്ന പഴയസാധനങ്ങൾ അടിയന്തിരമായി നീക്കംചെയ്യാനും പരിസരം വൃത്തിയാക്കാനും സ്ക്വാഡ് നിർദേശം നൽകി. ആരോഗ്യകേന്ദ്രത്തിന് മലിനീകരണനിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലെന്നും ഭക്ഷണമാലിന്യം കൈകാര്യംചെയ്യാൻ കൃത്യമായ സംവിധാനമില്ലെന്നും സ്ക്വാഡ് കണ്ടെത്തി. പഞ്ചായത്ത് കോംപ്ലക്സിന്റെ അകത്തുള്ള മാർക്കറ്റിലെ കാനയിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനും മാർക്കറ്റ് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനും പഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി. മാർക്കറ്റ് റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മാലിന്യം നീക്കംചെയ്യാനും തുടർന്ന്, മാലിന്യമിടുന്നില്ലെന്ന് ഉറപ്പുവരുത്താനും പഞ്ചായത്തിനു നിർദേശം നൽകി. നോട്ടീസും ഫൈനും നൽകിയ സ്ഥാപനങ്ങൾ പരിശോധിച്ച് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി തുടർനടപടികൾ സ്വീകരിക്കാനും സ്ക്വാഡ് പഞ്ചായത്തിനു നിർദേശം നൽകി.