ന്യൂഡല്‍ഹി : ഐ.പി.എല്‍. ലേലത്തില്‍ ഉള്‍പ്പെടാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരാന്‍ ദേശീയ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ഐ.പി.എല്‍. കളിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇഷാന്‍ കിഷനടക്കം രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ.യുടെ നിര്‍ണായക തീരുമാനം. രഞ്ജി ട്രോഫി കളിക്കാതെ ഐ.പി.എല്‍. മാത്രം കളിക്കുന്ന പ്രവണത പല താരങ്ങളും പുലര്‍ത്തിവരുന്നുണ്ട്. ഇത് തടയിടുക കൂടിയാണ് ബി.സി.സി.ഐ.യുടെ ലക്ഷ്യം. ദേശീയ ടീമില്‍ നിറംമങ്ങി പുറത്തായാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച കളി കളിക്കുന്നവരുണ്ട്. അവര്‍ റെഡ്ബോള്‍ ക്രിക്കറ്റ് കളിക്കില്ല. ഈ പ്രവണത മറികടക്കാന്‍ മൂന്നോ നാലോ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന നിബന്ധന കൊണ്ടുവരികയാണ്. അതില്‍ പങ്കെടുക്കാത്ത പക്ഷം അവര്‍ക്ക് ഐ.പി.എലില്‍ കളിക്കാനോ ലേലത്തില്‍ ഉള്‍പ്പെടാനോ പോലും പറ്റില്ലെന്നും ബി.സി.സി.ഐ. അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക വിഷമങ്ങള്‍ മുന്‍നിര്‍ത്തി ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍നിന്ന് വിട്ടുനിന്നിരുന്നു. ടീമിനൊപ്പമുള്ള നിരന്തര യാത്രകളും അവസരമില്ലായ്മയും മാനസികമായി അലട്ടുന്നുണ്ടെന്നായിരുന്നു ഇഷാന്‍ പറഞ്ഞത്. തുടര്‍ന്ന് ടീമിലേക്ക് തിരിച്ചുവരാന്‍ ഇഷാനോട് ചില ക്രിക്കറ്റുകള്‍ കളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ജാര്‍ഖണ്ഡിനായുള്ള രഞ്ജി ട്രോഫിയില്‍ ഇഷാന്‍ പങ്കെടുത്തില്ല. ഇഷാന്‍ സന്നദ്ധത അറിയിച്ചാല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് സംഘടന അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ കിഷന്‍ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ മാസം 16-ന് നടക്കുന്ന ജാര്‍ഖണ്ഡിന്റെ ഗ്രൂപ്പ് ഘട്ട അവസാന രഞ്ജി മത്സരത്തില്‍ പങ്കെടുക്കാന്‍ ഇഷാന് നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ബി.സി.സി.ഐ.