പൊന്നാനി: നിയമം ലംഘിച്ച് മത്സ്യബന്ധനവള്ളം കൈക്കുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തിയ സംഭവത്തിൽ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്. സർവീസ് നടത്തിയ വള്ളവും, എൻജിനും കസ്റ്റഡിയിലെടുത്തു. മത്സ്യബന്ധനയാനം ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കൽ, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയില്ലാതെയുള്ള യാത്ര, മത്സ്യബന്ധന യാനം ഓടിക്കാനുള്ള സ്രാങ്ക് ലൈസൻസ് ഇല്ലാതെ ഓടിച്ചത് തുടങ്ങിയവക്കാണ് നടപടി സ്വീകരിച്ചത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി നടപടിക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി.
പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.വള്ളമുടമക്കും വള്ളം ഓടിച്ചയാൾക്കുമെതിരെ കേസെടുക്കാൻ പൊലീസിനും വിവരം നൽകി. സ്രാങ്ക് ഒളിവിലാണ്. തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പസ്കി എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം കഴിഞ്ഞദിവസം യാത്ര നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല.