പറവൂര്‍ : നടപടി ക്രമങ്ങള്‍ പാലിക്കാതെ പറവൂര്‍ താലൂക്ക് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിലും ശാഖകളിലും പണയം വെച്ച കാലാവധി കഴിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ വ്യക്തിക്ക് തൂക്കി വിറ്റത് വിവാദമായി. 2016 മുതല്‍ 2018 വരെ മാത്രം 7 കോടിയില്‍പരം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വില്പന നടത്തിയത്. ഇടപാടില്‍ ബാങ്കിന് 1.68 കോടി രൂപ നഷ്ടം വന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയും ഭരണ സമിതിയിലെ ചിലരും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് ബാങ്ക് അംഗം കെ.പി അനില്‍കുമാര്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്. പണയം വെച്ചവര്‍ക്ക് നടപടിയുടെ ഭാഗമായി നോട്ടീസ് അയക്കുകയോ പത്രപരസ്യം നല്കി പരസ്യ ലേലം നടത്തുകയോ ചെയ്യാതെയാണ് സ്വര്‍ണം സ്വകാര്യ വ്യക്തിക്ക് വിറ്റത്. വില്പന നടത്താന്‍ ഭരണ സമിതി തീരുമാനമെടുത്തിരുന്നോ എന്ന് വ്യക്തമല്ല.
മുന്‍ സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററായിരുന്ന നിലവിലെ സെക്രട്ടറിയും ഭരണ സമിതിയിലെ ചിലരും ചേര്‍ന്നാണ് നൂറുകണക്കിന് സഹകാരികളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്നാണ് ആരോപണം. സ്വര്‍ണ ഇടപാടില്‍ നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന സഹകരണ ജോയന്റ് ഡയറക്ടറുടെ ഉത്തരവ് ബാങ്ക് അധികൃതര്‍ നടപ്പാക്കിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറിമാരായ എന്‍. മോഹനന്, രമേഷ് ഡി കുറുപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ അംഗങ്ങള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനും തീരുമാനിച്ചു. എന്നാല്‍ സ്വര്‍ണ വിപണിയില്‍ ഉണ്ടായ വിലക്കുറവാണ് ബാങ്കിന് തുക കുറവു ലഭിക്കാന്‍ കാരണമായതെന്ന് പ്രസിഡന്റ് കെ.എ വിദ്യാനന്ദന്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദീകരണം ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. വായ്പക്കാരില്‍നിന്നും ബാക്കി തുക ഈടാക്കാന്‍ ആവശ്യമായ നിയമനടപടികള്‍ നടന്നുവരുന്നു. ലഭിക്കാനുള്ള തുക കണക്കില്‍ ചേര്‍ത്ത് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അംഗീകരിച്ചതാണ്. ഓഡിറ്റിങ്ങില്‍ ഈ തുക കരുതല്‍ ധനമായി സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ഇപ്പോള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്യാനന്ദന്‍ പറഞ്ഞു.