കൊച്ചി : പ്ലസ് വണ്‍ ഏകജാലക പ്രവേശനം ആരംഭിച്ച ആദ്യ ദിനത്തില്‍ ജില്ലയില്‍ 16896 വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു. 29ന് വൈകിട്ട് അഞ്ചുമണിയോടെ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 12515 ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു. ബാക്കി അപേക്ഷകള്‍ അപൂര്‍ണമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ആഗസ്റ്റ് 14 വരെയാണ്.
എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളും അപേക്ഷ സര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ 32,561സീറ്റുകളിലാണ് ഓണ്‍ലൈന്‍ പ്രവേശനം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. മൊബൈലിലൂടെയും വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിനാല്‍ വീട്ടിലിരുന്നാണ് കൂടുതല്‍പേരും അപേക്ഷിച്ചത്. സ്‌കൂളുകളില്‍ എന്‍.എസ്.എസ്, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച സഹായ സെന്ററുകളുടെ സഹായത്താലും അപേക്ഷകള്‍ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ചശേഷം ലഭിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിംഗിലൂടെയാണ് തുടര്‍ന്നുള്ള നടപടികള്‍. ട്രയല്‍ അലോട്ട്‌മെന്റില്‍ തുടങ്ങി സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഘട്ടങ്ങളായാണ് പ്രവേശനം.
ജില്ലയിലാകെ 209 സ്‌കൂളുകളിലായി 32539 സീറ്റുകളാണുള്ളത്. ഇതില്‍ 18359 സയന്‍സ്, ഹ്യുമാനിറ്റീസ് 4150, കോമേഴ്‌സ് 10000 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. മെറിറ്റ്, നോണ്‍ മെറിറ്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളിലാണ് പ്രവേശനം. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 24 നാണ് പ്രസിദ്ധീകരിക്കുക. ആദ്യഘട്ടത്തിലെ മെറിറ്റ്, നോണ്‍മെറിറ്റ്, സംവരണസീറ്റുകളിലെ പ്രവേശനത്തിനുശേഷം സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികള്‍ നടക്കും. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തീകരിച്ചശേഷം കണ്ടെത്തുന്ന തെറ്റുകള്‍ തിരുത്തുന്നതിനും കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം നല്‍കും.
ട്രയല്‍ അലോട്ട്‌മെന്റ് മുതലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാന്‍ഡിഡേറ്റ് ലോഗിന്‍ മൊബൈല്‍ ഒ.ടി.പി സംവിധാനത്തിലൂടെ രൂപീകരിക്കുന്നതിനുള്ള സൗകര്യം 10 മുതല്‍ ലഭ്യമാവും. ആഗസ്റ്റ് 18 നാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന് മുന്നോടിയായി കാന്‍ഡിഡേറ്റ് ലോഗിന്‍ സംവിധാനത്തിലൂടെ മറ്റ് വിവരങ്ങള്‍ ലഭ്യമാവും.