തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഏകജാലക അപേക്ഷയാണ്. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റില്‍ APPLY ONLINE – SWS എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. മുന്‍ വര്‍ഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളില്‍ സമര്‍പ്പിക്കേണ്ടി വരില്ല. അപേക്ഷ സമര്‍പ്പണത്തിനു ശേഷം മൊബൈല്‍ വണ്‍ ടൈം പാസ്‌വേഡ് നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.