തൃശ്ശൂര്‍ : ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 29 മുതല്‍ ആരംഭിക്കും. ജില്ലയില്‍ എസ്‌എസ് എല്‍ സി പരീക്ഷ എഴുതിയവരില്‍ ഉപരിപഠന യോഗ്യത നേടിയ 34771 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടാന്‍ കാത്തിരിക്കുന്നത്. ഇതില്‍ 17509 പേര്‍ ആണ്‍കുട്ടികളും 17262പേര്‍ പെണ്‍കുട്ടികളുമാണ്.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണ്‍ലൈനായി ഏകജാലക സംവിധാനത്തില്‍ത്തന്നെയാകും പ്രവേശന നടപടികള്‍. അപേക്ഷിക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കും. 202 ഹയര്‍ സെക്കന്ററി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 76 എണ്ണം ഗവണ്‍മെന്റും 93 എണ്ണം എയ്‌ഡഡും 33 എണ്ണം അണ്‍എയ്‌ഡഡുമാണ്. സര്‍ക്കാര്‍, എയ്‌ഡഡ് മേഖലകളിലായി 32,650 പ്ലസ് വണ്‍ സീറ്റാണ് ജില്ലയിലുള്ളത്. ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി ആകെ 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതില്‍ 354 എണ്ണം സയന്‍സും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകള്‍ അലോട്ട്മെന്റ് ചെയ്ത സ്‌കൂള്‍ പുതുക്കാട് സെന്റ് ആന്റണീസിലാണ്. 10 ബാച്ചുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ദ്ധന അനുവദിച്ചിരുന്നു.
ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്റ് ഘട്ടത്തില്‍ തീരുമാനമുണ്ടാകൂ.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കമ്പ്യുട്ടർ സെന്ററുകള്‍ വഴിയോ അല്ലെങ്കില്‍ സ്വയമോ ഏകജാലക വിന്റോവായ hscap.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റില്‍ കയറി അഡ്മിഷന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് എസ് എസ് എല്‍ സി രജിസ്റ്റര്‍ നമ്പര്‍ നല്‍കണം. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പേര് വിവരങ്ങള്‍ സ്വയം ടൈപ്പ് ചെയ്ത് നല്‍കണം. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയല്‍ അലോട്ട്‌മെന്റ് കൂടാതെ അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉണ്ടാകും. സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ കഴിഞ്ഞ വര്‍ഷം രണ്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്ട് കൗണ്‍സിലില്‍ ആദ്യ രജിസ്‌ട്രേഷന്‍ നടത്തണം. കൗണ്‍സില്‍ നല്‍കുന്ന സ്‌കോര്‍ കാര്‍ഡ് അടക്കം ഏകജാലക രജിസ്‌ട്രേഷന്‍ നടത്തണം.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാധാരണ പോലെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിവരങ്ങള്‍ തെറ്റ് കൂടാതെ നല്‍കാന്‍ ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂള്‍ കോഡും തെറ്റ് കൂടാതെ നല്‍കണം. പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിട്ട ശേഷം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം-9447437 201, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍, ഷാജു. ഇ.ഡി – 9446229366 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.