പത്തനംതിട്ട : പ്ലസ് വൺ പ്രവേശന ഏക ജാലക സംവിധാനം കാലോചിതമായി പരിഷ്കരിക്കണമെന്ന് നിലയ്ക്കലിൽ നടന്ന എച്ച്എസ്എസ്ടിഎ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് (കലന്ദിക) ആവശ്യപ്പെട്ടു.
പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് കഴിയുമ്പോൾ ധാരാളം ഒഴിവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും താത്പര്യമുള്ള കുട്ടികൾക്ക് ഈ ഒഴിവുകളിൽ പ്രവേശനം നേടാൻ കഴിയുന്നില്ല. ആളില്ലെങ്കിലും സംവരണ ഒഴിവുകൾ സപ്ലിമെന്ററി അലോട്ട്മെന്റ് വരെ ഒഴിച്ചിട്ടിരിക്കുന്നതിനാൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടാനും മറ്റും കുട്ടികൾ നിർബന്ധിതരാകുന്നു. പിന്നീട് ഈ ഒഴിവുകൾ നികത്തപ്പെടാതെ ഒഴിഞ്ഞുതന്നെ കിടക്കുന്ന സ്ഥിതി ഉണ്ടാകുന്നു. അതിനാൽ ഈ ഒഴിവുകൾ രണ്ടാം അലോട്ട്മെന്റിൽ നികത്താൻ കഴിയണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. കുട്ടികളുടെ കുറവു കാരണം മലയോരമേഖലയിലെ ധാരാളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നു. അതേസമയം ഈ മേഖലയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിലെ ലഭ്യമായ പഠനസൗകര്യം നഷ്ടപ്പെടുന്ന വൈരുധ്യവും നിലനില്ക്കുന്നു.
കൂടാതെ ധാരാളം അധ്യാപകർക്ക് ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, രതീഷ് പി. നായർ, ഷെറിൻ തടത്തിൽ, അസോസിയേറ്റ് സെക്രട്ടറി കെ.പി. അനിൽ കുമാർ, ജില്ലാ പ്രസിഡന്റ് ബിന്ദു ബി. ചന്ദ്രൻ, കെ.എം. സുരേഷ് കുമാർ, പി. രാജേഷ്, പി. രാധാകൃഷ്ണൻ, സിനോജ് ജോർജ്, ജോസഫ് പി. തോമസ്, ബിന്ദു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.14 ജില്ലകളിൽനിന്നുമുള്ള ഭാരവാഹികളാണ് മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.