പന്തളം : പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പൂർത്തിയാക്കി ബുധനാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്നത് നിരവധി സീറ്റുകൾ. എന്നിട്ടും ഇഷ്ടസ്കൂളും വിഷയവും ലഭിച്ചില്ലെന്ന പരാതികൾ ഏറെ. നിലവിൽ മുഖ്യഅലോട്ട്മെന്റുകൾ പൂർത്തിയായതോടെ മൂന്നാം അലോട്ട്മെന്റിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ അവസരം നഷ്ടമാകും. അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ പ്രവേശനം നേടാതിരിക്കുകയും പോളിടെക്നിക്, ഐ.ടി.ഐപോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് മാറുന്നവരും മറ്റ് ജില്ലകളിലെ സ്കൂളുകളിലേക്ക് പ്രവേശനം നേടുന്നവരും ഉൾപ്പെടെ ഒഴിവുകൾ വർധിക്കാൻ സാധ്യതയുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് വഴി എത്തുന്നവരാകട്ടെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായാണ് പരിഗണിക്കുന്നത്. ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയാകും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തുക. നിലവിൽ മെറിറ്റിൽ പ്രവേശനം നേടിയ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾ കിട്ടിയതുമായി തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്. മാർക്ക് കുറഞ്ഞ ഇതുവരെ പ്രവേശനം ലഭിക്കാത്ത കുട്ടിക്ക് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഈ സീറ്റിൽ അഡ്മിഷൻ കിട്ടുകയും ചെയ്യും. ഇതിലൂടെ മാർക്ക് കുറഞ്ഞ വിദ്യാർഥിക്കും ഇഷ്ടമുള്ള കോഴ്സ് കിട്ടാനുള്ള സാധ്യതതയും അടയുകയാണ്. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയ കുട്ടികൾക്ക് വീടിന് സമീപത്തേക്കുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ നടത്താനും കഴിയാത്ത അവസ്ഥയുണ്ട്.
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമാകും ട്രാൻസ്ഫറിനുള്ള അപേക്ഷ സ്വീകരിക്കുക. അധ്യയനവർഷം ആരംഭിച്ചതിനാൽ ഇവയെല്ലാം പൂർത്തിയാകുമ്പോഴേക്കും ഒരുമാസത്തോളം കഴിയുമെന്നതാണ് കുട്ടികളുടെ ആശങ്ക. ഏകജാലക പ്രവേശനം വഴിയുള്ള മൂന്നാം അലോട്ട്മെന്റും അവസാനിച്ചതോടെ അഡ്മിഷൻ എടുത്ത സ്കൂളുകളിൽനിന്നും അടുത്ത സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയുള്ളൂ. അവശേഷിക്കുന്ന സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെയാകും നികത്തുക. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിച്ചെങ്കിലും എയ്ഡഡ് കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ഈമാസം 27വരെ പ്രവേശനത്തിന് സമയയുണ്ട്. ഇവിടത്തെ പ്രവേശന നടപടികൂടി പൂർത്തിയാകുന്നതോടെ മുഴുവൻ അപേക്ഷകർക്കും സീറ്റ് ലഭ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.