കറാച്ചി: പാകിസ്താൻ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദരന്‍റെ പുത്രിയും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ വിവാഹിതയായി. ഗ്രഹാമാണ് വരൻ. ബേനസീർ ഭൂട്ടോയുടെ സഹോദരൻ മുർത്താസ ഭൂട്ടോയുടെ മകളാണ് ഫാത്തിമ. ഫാത്തിമയുടെ സഹോദരൻ സുൽഫിക്കർ അലി ഭൂട്ടോയാണ് ട്വിറ്ററിലൂടെ വിവാഹ വാർത്ത പങ്കുവെച്ചത്. കറാച്ചിയിലെ 70 ക്ലിഫ്റ്റനിലെ വസതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. 1982 മേയ് 29ന് ജനിച്ച ഫാത്തിമ, ഭൂട്ടോ കുടുംബത്തിന്‍റെ പാരമ്പര്യമായ രാഷ്ട്രീയത്തിൽ നിന്നുമാറി സമൂഹ്യ പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
സോങ്സ് ഓഫ് ബ്ലെഡ് ആൻഡ് സോർഡ്, ദ ഷാഡോ ഓഫ് ദ ക്രെസന്‍റ് മൂൺ അടക്കം നിരവധി പുസ്തകങ്ങൾ ഫാത്തിമ രചിച്ചിട്ടുണ്ട്. ഭൂട്ടോ കുടുംബത്തിന്‍റെ രാഷ്ട്രീയ ചരിത്രം പറയുന്നതാണ് സോങ്സ് ഓഫ് ബ്ലെഡ് ആൻഡ് സോർഡ്. അഫ്ഗാൻ അതിർത്തിയിലെ ചെറിയ പാകിസ്താൻ പട്ടണത്തിന്‍റെ ജനങ്ങളുടെ ജീവിതം പറയുന്ന നോവലാണ് ദ ഷാഡോ ഓഫ് ദ ക്രെസന്‍റ് മൂൺ. കൂടാതെ ദ് ഗാർഡിയൻ, ദ് ഫിനാൻഷ്യൽ ടൈംസ്, ദ ന്യൂയോർക്ക് ടൈംസ് അടക്കം നിരവധി രാജ്യാന്തര പ്രസിദ്ധീകരണങ്ങളിൽ ഫാത്തിമയുടെ ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.