ജമ്മു-കശ്മീര്‍: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാജ്യത്തിനുസമര്‍പ്പിച്ചു. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് പാലത്തിന് (നദിയില്‍ നിന്നുള്ള ഉയരം).
പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം, ഉയരം: നദിയില്‍ നിന്ന് 359 മീറ്റര്‍, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം: 1100 മീറ്റര്‍, ചെലവ് : 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം: 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചു. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടകള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. രണ്ട് പ്രത്യേക വന്ദേഭാരതുകള്‍ ആഴ്ചയില്‍ ആറു ദിവസം നാല് സര്‍വീസ് നടത്തും. ജമ്മുതാവിയില്‍ നിന്ന് കയറിയാല്‍ നാലര മണിക്കൂര്‍ കൊണ്ട് ശ്രീനഗറില്‍ ഇറങ്ങാം. കശ്മീര്‍ താഴ്‌വര ഇനി ഒറ്റക്കല്ലെന്ന് റെയില്‍വേ കാണിച്ചു കൊടുക്കുന്ന ഈ റെയില്‍ശൃംഖല ഇനി കന്യാകുമാരിയെ തൊടും.