ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങള്‍ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ ഒരോന്നും എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘2014-ല്‍ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം കുറിച്ചു. ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ ജലം കണ്ടെത്തുന്നതിന് സഹായിച്ചു. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉയര്‍ന്ന റസല്യൂഷനിലുള്ള ചിത്രങ്ങള്‍ നല്‍കി. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കി.
റെക്കോര്‍ഡ് വേഗത്തില്‍ നമ്മള്‍ ക്രയോജനിക് എഞ്ചിനുകള്‍ നിര്‍മിച്ചു. ഒറ്റ ദൗത്യത്തില്‍ 100 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളില്‍ 34 രാജ്യങ്ങള്‍ക്ക് വേണ്ടി 400 ഉപഗ്രഹങ്ങള്‍ നമ്മള്‍ വിക്ഷേപിച്ചു. ഈ വര്‍ഷം രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്തു.’ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ല. ഒന്നിച്ച് ഉയരങ്ങളിലെത്തുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യവംശത്തിന്റെ നന്മയ്ക്കായി ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ നമ്മള്‍ ഒരേ ലക്ഷ്യം പങ്കിടുന്നു. ‘ശാസ്ത്രീയ പര്യവേഷണത്തിന്റെ അതിരുകള്‍ മറികടന്ന് ഞങ്ങള്‍ നവോന്മേഷത്തോടെ മുന്നോട്ട് നീങ്ങുകയാണ്. മനുഷ്യരെ വഹിച്ചുള്ള നമ്മുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍, നമ്മുടെ പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
ആഴ്ചകള്‍ക്കുള്ളില്‍ ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഐഎസ്ആര്‍ഒ-നാസ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശനിലയത്തിലേക്ക് യാത്ര ചെയ്യും. 2035- ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ഗവേഷണ രംഗത്തും അന്തര്‍ദേശീയ സഹകരണത്തിലും പുതിയ അതിരുകള്‍ നിശ്ചയിക്കും. 2040-ഓടെ ഇന്ത്യന്‍ കാല്‍പ്പാടുകള്‍ ചന്ദ്രനിലുണ്ടാവും. ചൊവ്വയും വ്യാഴവും നമ്മുടെ റഡാറിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശം പര്യവേക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ളതാണ്. ഇത് ഭരണപ്രക്രിയയെ ശാക്തീകരിക്കുന്നു, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. തലമുറകള്‍ക്ക് പ്രചോദനമാവുന്നു. നമ്മുടെ ഉപഗ്രഹങ്ങള്‍ ജനക്ഷേമത്തിനായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.മെയ് 7 മുതല്‍ 9 വരെ ന്യൂഡല്‍ഹിയിലാണ് ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.