ദില്ലി : ദേശീയ ലോക്ക് ഡൗണിന്റെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. കര്‍ണ്ണാടകം. തമിഴ്‌നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്റെ നിലപാട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.
മുഖ്യമന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം ലോക്ക് ഡൗണില്‍ കേന്ദ്രം തീരുമാനമെടുക്കും. കടകള്‍ തുറക്കുന്നതിലടക്കം ലോക്ക് ഡൗണില്‍ കഴിഞ്ഞ ദിവസം ഇളവുകള്‍ അനുവദിച്ച കേന്ദ്രത്തിന്റെ തുടര്‍ നിലപാടും ഈ ചര്‍ച്ചയോടെ വ്യക്തമാകും. അതേ സമയം മേയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തില്‍ പ്രകടമാകുന്നത്. എന്നാല്‍ പത്തിലധികം സംസ്ഥാനങ്ങള്‍ ഇതിനോട് താല്പര്യം കാണിക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണ്ണായകമാകും.