ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും തമ്മിലുളള യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും ചര്‍ച്ച. നിലവിലെ ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഏഴ് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മൂന്നാം തവണയും ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ യോഗത്തില്‍ മുഖ്യമന്ത്രിമാരുടെ നിര്‍ണായക അഭിപ്രായങ്ങള്‍ വിലയിരുത്തിയാവും തീരുമാനമെടുക്കുക. കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണിത്.
അഞ്ച് ആഴ്ചയിലേറെയായി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത് ബിസിനസ്സുകളെയും സംസ്ഥാനങ്ങളുടെ വരുമാനത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മിക്ക സംസ്ഥാനങ്ങളും കൃഷി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എംഎന്‍ആര്‍ജിഎ ജോലികള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും ആവശ്യമുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. മാത്രമല്ല മിക്ക സംസ്ഥാനങ്ങളും വലിയ വരുമാന സ്രോതസ്സായ മദ്യവില്‍പ്പനയും പുന:രാരംഭിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതിനാല്‍ വൈറസ് വ്യാപനം ഉണ്ടാവാത്ത രീതിയില്‍ സാധാരണ നില പുന:രാരംഭിക്കാനാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യോഗത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.