ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്തി. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേര്‍ന്ന് സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്‌നാട്ടിലെ യാത്രകള്‍ എന്ന പുസ്തകം നല്‍കിയാണ് സ്റ്റാലിന്‍ മോദിയെ സ്വീകരിച്ചത്. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
അതേസമയം കോണ്‍ഗ്രസിന്റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധവും മോദിയുടെ സന്ദര്‍ശനത്തിന് എതിരെ നടന്നു. ഗോ ബാക്ക് മോദി ഹാഷ്ടാഗില്‍ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനത്തിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. വള്ളുവര്‍ കോട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ‘ഗോ ബാക്ക് മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ വിളിച്ചു. മോദിയെ തമിഴ്നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.