തിരുവനന്തപുരം: ന്യുനപക്ഷ വോട്ടർമാരിലേയ്ക്ക് കടന്നു കയറാനുള്ള ബിജെപി യുടെ പദ്ധതിയ്ക്ക് പുതിയ വേഗം. ക്രിസ്ത്യൻ വീടുകളിലേക്കും മത മേലദ്ധ്യക്ഷൻമാരുടെ ആസ്ഥാനത്തേയ്ക്കും തിരിച്ച് ബിജെപി നേതാക്കളുടെ വീടുകളിലേക്കും ഈസ്റ്ററിനും വിഷുവിനും നടത്തിയ സ്നേഹയാത്രകൾക്ക് ശേഷം ബന്ധം ഊഷ്മളമാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടന്ന് ബിജെപി. കൊച്ചി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെ കണ്ടെയ്‌ക്കുമെന്നാണ് സൂചന. ഈ മാസം 25 നാണ് യുവം 2023 പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നത്. യുവം 2023 ന്റെ വേദിക്കരികിൽ കൂടിക്കാഴ്ച നടത്താനുള്ള സംവിധാനങ്ങളൊരുക്കാൻ സംസ്ഥാന നേതൃത്വം സംഘാടക സമിതിയ്ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
മതമേലദ്ധ്യക്ഷന്മാർ താൽപര്യം പ്രകടിപ്പിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഒരു ലക്ഷത്തോളം യുവാക്കളെയാണ് പ്രധാനമന്ത്രി യുവം 2023 ൽ അഭിസംബോധന ചെയ്യുക. ഈയിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി അടക്കമുള്ള യുവനേതാക്കൾ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഈ മാസം 24 നാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ സന്ദർശനത്തിലാണ് ഈസ്റ്റർ ദിനത്തിൽ തുടങ്ങിയ സ്നേഹയാത്രയുടെ അടുത്ത പടിയായി പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തുക.
അതിനിടെ ഇന്ന് രാവിലെ കേന്ദ്ര ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജോൺ ബർല മലയാറ്റൂർ പള്ളി സന്ദർശിച്ചു. മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനമെന്നാണ് വിവരം. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണനും ബിജെപി പ്രവർത്തകരും മലയാറ്റൂർ പളളയിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ മല കയറിയിരുന്നു. മലയാറ്റൂർ തിരുനാൾ ദിവസമായ ഞായറാഴ്ചയാണ് രാധാകൃഷ്ണൻ മല കയറിയത്. പുതുഞായര്‍ ദിനത്തിലാണ് ബിജെപി പ്രാദേശിക പ്രവര്‍ത്തകരോടൊപ്പം രാധാകൃഷ്ണൻ മലയാറ്റൂര്‍ മലകയറിയത്.