ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും പുനരധിവാസ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഭുവനേശ്വറില്‍ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോര്‍, ഭദ്രക്, പൂര്‍ബ മിഡ്നാപൂര്‍ എന്നിവിടങ്ങളില്‍ ആകാശ നിരീക്ഷണം നടത്തും. തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒഡീഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടമാണ് യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ബംഗാളില്‍ മൂന്ന് ലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 50ഓളം തീരദേശ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തില്‍ മുങ്ങി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 1000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ബംഗാളില്‍ ഒരു കോടി ആള്‍ക്കാരെ ചുഴലിക്കാറ്റ് ബാധിച്ചെന്നും മൂന്ന് ലക്ഷം വീടുകള്‍ നശിച്ചുവെന്നും മമത പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് 7 ദിവസത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച 128 ഗ്രാമങ്ങളിലെ റോഡുകളും വൈദ്യുതിയും 24 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ഒഡിഷ, ബംഗാള്‍ തീരമേഖലകളില്‍ ചീറിയടിച്ച കാറ്റും ശക്തമായ മഴയും വന്‍നാശമുണ്ടാക്കി. കടല്‍ത്തിരകള്‍ കിലോമീറ്ററുകളോളം കരയിലേക്കു കയറി. ഒഡിഷയില്‍ 5.8 ലക്ഷം പേരെയും ബംഗാളില്‍ 15 ലക്ഷം പേരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതിനാല്‍ ആള്‍നാശം കുറയ്ക്കാനായി.