തിരുവനന്തപുരം : സംസ്ഥാനത്ത് പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടി. അന്വേഷണവും വിചാരണയും പഴുതടച്ച് കുറ്റമറ്റതാക്കാന്‍ നടപടി ക്രമങ്ങള്‍ ഏകീകരിച്ച് കേരള പോലീസ് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ (എസ്‌ഒപി) തയ്യാറാക്കും . യൂണിസെഫ് സഹായത്തോടെയാണ് പദ്ധതി . വിവിധ ഘട്ടങ്ങളില്‍ കോടതി വെറുതെവിട്ട 200 പോക്സോ കേസ് പഠിച്ചാണ് എസ്‌ഒപി തയ്യാറാക്കുന്നത്. കേസുകളില്‍ നിയമവിദഗ്ധര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സഹായം ഉറപ്പാക്കും . ബിഹാര്‍ മുന്‍ ഡിജിപിയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് ഡയറക്ടര്‍ ജനറലുമായിരുന്ന പി എം നായരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു . ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത് , ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ സമിതി അംഗങ്ങളാണ് .
പോക്സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറയുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോടെയാണ് നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു . കേസുകളില്‍ അടുത്ത ബന്ധുക്കള്‍ക്കു പുറമെ മറ്റുള്ളവരെയും സാക്ഷികളാക്കുന്നതടക്കം പരിഗണിക്കും. പഠനത്തിനായി 200 കേസിന്റെ പട്ടിക തയ്യാറാക്കിയതായി പോക്സോ കേസുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഐജി എസ് ശ്രീജിത് പറഞ്ഞു . സംസ്ഥാനത്ത് നിലവില്‍ 11,954 പോക്സോ കേസാണുള്ളത് . ഇതില്‍ 9457 എണ്ണം വിചാരണയിലും 2497എണ്ണം അന്വേഷണഘട്ടത്തിലുമാണ് .