പത്തനംതിട്ട : പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി 24 കുട്ടികളെ മാറ്റി. അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും അത് മറച്ചുവെയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു.
രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പോലീസിന് കൈമാറി. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ അടൂർ പോലീസ് പോക്സോ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്. ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റി. ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും.