കൊച്ചി : ലൈംഗിക പീഡനക്കേസില്‍ കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മേക്കപ്പ് ചെയ്യുന്നതിനിടെ ഇയാള്‍ പീഡിപ്പിച്ചെന്നും ലൈംഗികമായി പെരുമാറിയെന്നും കാണിച്ച് നിരവധി പേരാണ് പരാതി നല്‍കിയിരിക്കുന്നത്. അനീസ് അന്‍സാരിക്കെതിരെ ഏറ്റവും ഒടുവിലായി പാലാരിവട്ടം പോലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ആസ്‌ത്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്.
ഇ മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെ അനീസ് അന്‍സാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായിരിക്കുകയാണ്. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന നാല് സ്ത്രീകളുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മീ ടൂ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഒളിവില്‍പോയ അന്‍സാരിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യം വിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു. കൊച്ചിയില്‍ ടാറ്റു ചെയ്യുന്ന സുജേഷിനെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് മേക്കപ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വെളിപ്പെടുത്തലുണ്ടായത്. വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്ന് പരാതിക്കാരികളില്‍ ചിലര്‍ വ്യക്തമാക്കി.