കോന്നി : വീടുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വനം വകുപ്പ് പിടികൂടുന്ന വിഷപാമ്പുകളെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നതായുള്ള രഹസ്യ റിപ്പോർട്ടുകൾ പുറത്ത്. വനം ഇന്റലിജൻസും വിജിലൻസുമാണ് രഹസ്യ റിപ്പോർട്ട് നൽകിയത്. പാമ്പുകളിൽ നിന്നും വിഷം ശേഖരിക്കുന്നതിനായാണ് ഇത്തരത്തിൽ പാമ്പുകളെ കടത്തുന്നത്. എന്നാൽ ഇത് എവിടെ നടക്കുന്നു എന്ന ഉത്തരം റിപ്പോർട്ടിൽ പറയുന്നില്ല. ഈ കാര്യത്തിൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആണ് ഇത് നടക്കുന്നത് എന്നാണ് ആക്ഷേപം. പിടികൂടുന്ന പാമ്പുകളെക്കുറിച്ച് സർപ്പ ആപ്പിലോ ജി ഡി രജിസ്റ്ററിലോ രേഖപ്പെടുത്താതെയാണ് ഇത്തരത്തിൽ കടത്തുന്നത്. മുൻപും ഇത്തരത്തിൽ വിവരങ്ങൾ ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നും പാമ്പ്പിടുത്തക്കാരെ പിടികൂടി ടെറിട്ടോറിയൽ വിഭാഗത്തിന് കൈമാറിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ല.
സംഘത്തിന്റെ മുൻ ഇടപാടുകൾ പൂർത്തിയാക്കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പാമ്പുകളെ പിടികൂടുമ്പോഴും തുറന്നു വിടുമ്പോഴും വിവരം സർപ്പ ആപ്പിലും ആർ ആർ റ്റി രജിസ്റ്ററിലും രേഖപ്പെടുത്തുന്നു. തുറന്നു വിടുന്ന ഇടത്തിന്റെയും ജി പി എസ് വിവരങ്ങളും രേഖപ്പെടുത്തണം എന്നാൽ പലപ്പോഴും ഇത് പാലിക്കാറില്ല എന്നാണ് കണ്ടെത്തൽ. പാമ്പിന് ലക്ഷങ്ങളാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില. പാമ്പിൻ വിഷത്തിന് കോടികൾ ആണ് വില. ആന്റി വെനം അടക്കമുള്ള മരുന്നുകളുടെ നിർമ്മാണത്തിനായാണ് ഇത്തരത്തിൽ പാമ്പിൻ വിഷം ഉപയോഗിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇത്തരത്തിൽ ഉള്ള കള്ളകടത്ത് സംഘങ്ങളുടെ സ്വാധീനം ശക്തമാണെന്നാണ് കണ്ടെത്തൽ.