കുളനട : എങ്ങുമെത്താതെ പോളച്ചിറ അക്വാ–അഡ്വഞ്ചർ ടൂറിസം പദ്ധതി. 2022 ജനുവരിയിൽ പദ്ധതിയാരംഭിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും പാട്ടത്തുകയിലുള്ള തർക്കം കാരണം പദ്ധതി വീണ്ടും നീണ്ടു പോകുകയാണ്. കാടുമൂടി കിടക്കുന്ന ചിറ വൃത്തിയാക്കാൻ പോലും പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നില്ല.
പഞ്ചായത്തും റവന്യു വകുപ്പും തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കങ്ങളായിരുന്ന് ആദ്യ തടസ്സം. തുടർന്നു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിർത്ത, ഡിടിപിസിക്ക് ഭൂമി പാട്ടത്തിന് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. 12,80,106/-രൂപയാണ് വാർഷിക പാട്ടത്തുകയായി നിശ്ചയിച്ചത്. തുടർന്നുള്ള 3 വർഷക്കാലത്തേക്ക് പാട്ടത്തുക 10% വർധിപ്പിച്ച് പുതുക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ ഗ്രാമപ്രദേശത്ത് ആരംഭിക്കുന്ന പദ്ധതിയ്ക്ക് ഇത്ര വലിയ തുക പാട്ടത്തുകയായി നൽകാൻ കഴിയില്ലെന്നു ഡിടിപിസി വ്യക്തമാക്കി.
തുടർന്നു 2021ൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ വിളിച്ചു കൂട്ടി ചർച്ചകൾ നടത്തുകയും പഞ്ചായത്തിന് ഉപയോഗാനുമതി നിലനിർത്താൻ തീരുമാനമാകുകയും ചെയ്തു. പിന്നീട് പദ്ധതി പൂർത്തിയായ ശേഷം ലാഭവിഹിതം പങ്കിട്ടെടുക്കാനുള്ള കരാറിലേർപ്പെടാൻ ഡിടിപിസി പഞ്ചായത്തിനോടു ശുപാർശ ചെയ്തു. എന്നാൽ ലാഭം ഷെയർ ചെയ്യുന്ന വ്യവസ്ഥയിൽ ഭൂവിനിയോഗ അനുമതി നൽകാൻ താത്പര്യമില്ലെന്നും പാട്ട വ്യവസ്ഥയിലാണെങ്കിൽ അനുമതി നൽകാമെന്നും കുളനട പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ പദ്ധതിവീണ്ടും അവതാളത്തിലായി.