പത്തനംതിട്ട : സൂക്ഷിക്കാനേൽപ്പിച്ച സ്വർണം മടക്കി നൽകിയില്ലെന്ന പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസിയാണ് (73) പരാതിക്കാരി. കൈവശം ഉണ്ടായിരുന്ന 80 പവൻ സ്വർണം സഹോദരിയായ സാറാമ്മ മത്തായിയെ ഏൽപ്പിച്ച് കഴിഞ്ഞ വർഷം നവംബർ 21ന് റോസമ്മ മകളെ കാണാൻ ദുബായിലേക്ക് പോയിരുന്നു. ജനുവരി 19ന് മടങ്ങി വന്ന റോസമ്മ സ്വർണം തിരികെ ചോദിച്ചപ്പോൾ സ്വർണം തന്റെ മകൾ എടുത്തു കൊണ്ട പോയെന്നായിരുന്നു സാറാമ്മ പറഞ്ഞത്.
റോസമ്മ പത്തനംതിട്ട പോലീസിൽ പരാതി നൽകി. ഓരോ തവണയും റോസമ്മ സ്‌റ്റേഷൻ കയറിയിറങ്ങും. എന്നാൽ എതിർകക്ഷികൾ വരില്ല. പരാതിക്കാരെ സംരക്ഷിക്കാൻ പോഇക്കാര്യത്തിൽ ഒളിച്ചു കളിക്കുന്നുവെന്നാണ് റോസമ്മ പറയുന്നത്. പരാതി നൽകിയ വിവരം അറിഞ്ഞ് പത്തര പവൻ സ്വർണം തിരികെനൽകി. ശേഷിച്ച 69.5 പവൻ തിരികെ നൽകാമെന്ന് എതിർകക്ഷി അഭിഭാഷകയുടെ സാന്നിദ്ധ്യത്തിൽ കരാർ വെച്ചു. സ്വർണം മുഴുവൻ തിരികെ കൊടുക്കുന്നതുവരെ എതിർകക്ഷിയുടെ പാസ്‌പോർട്ട് അഭിഭാഷകയുടെ കൈവശം ഏൽപ്പിക്കുകയും ചെയ്തു. മാർച്ച് അഞ്ചിന് പോലീസ് സ്‌റ്റേഷനിൽ മുഴുവൻ സ്വർണവും തിരികെ ഏൽപ്പിക്കാമെന്നായിരുന്നു കരാർ. ഇത് പാലിക്കാതെ വന്നതോടെ റോസമ്മ വീണ്ടും പോലീസിനെ സമീപിച്ചു. തുടർ നടപടിയൊന്നുമുണ്ടായില്ല.