കോഴിക്കോട് : കോവിഡ് പ്രതിസന്ധികാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കണ്ണില്‍ ചോരയില്ലാതെ ഉപഭോക്താക്കളോട് പെരുമാറുന്ന പലിശ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് ഇടപെടുന്നു. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായവരുടെ വീടുകളില്‍ കയറിയും ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് കോഴിക്കോട് സിറ്റി പോലീസ് സ്വമേധയാ ഇടപെടാന്‍ തീരുമാനിച്ചത്. ഇത്തരം കേസുകളില്‍ ആരും പരാതി പറയാന്‍ മടിക്കേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പോലീസ് സൈബര്‍ സെല്ലിന്റെ വാട്സ്ആപ് നമ്പറിലേക്ക് (9497-97-6009)സന്ദേശം അയച്ചു പരാതിപ്പെടാവുന്നതാണ്.
കര്‍ശന നടപടി എടുക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മാനസികമായും ശാരീരികമായും ഭീഷണിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കേണ്ടതാണ്. അവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളും.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഉപഭോക്താക്കളോട് പെരുമാറുന്നത്. മാവൂര്‍ റോഡിലെ സ്ഥാപനം കക്കയത്തെ സ്ത്രീയുടെ നാല് സെന്റ് പുരയിടം പലിശക്കെണിയില്പ്പെടുത്തി കൈക്കലാക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. കൊള്ളപ്പലിശ ഈടാക്കല്‍, കൃത്രിമ രേഖയുണ്ടാക്കി വസ്തു തട്ടല്‍, കടക്കാര്‍ക്കെതിരെ വ്യാജ പരാതി നല്കല്, ഭീഷണിപ്പെടുത്തല്‍, കുടിയൊഴിപ്പിക്കല്‍ എന്നീ കേസുകളാണ് പോലീസിന്റെ ശ്രദ്ധയിലുള്ളത്.