ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ കാര്‍ഷിക സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഡല്‍ഹി പോലീസ് നിലപാടില്‍ അയവു വരുത്തുന്നതായി സൂചന. പോലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം, ഏത് പ്രതിസന്ധിയും തരണം ചെയ്ത് ഡല്‍ഹിയിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് കര്‍ഷകര്‍ക്കുള്ളത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ പിന്മാറിയില്ലെങ്കില് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും മണ്ണും ഉപയോഗിച്ചാണ് പോലീസ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ വെച്ച് പോലീസ് തടഞ്ഞിരുന്നു. പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് കര്‍ഷകര്‍ പുഴയിലേക്ക് എറിയുകയും ചെയ്തിരുന്നു.
കൂടാതെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വേണമെന്ന പോലീസിന്റെ ആവശ്യം ആം ആദ്മി സര്‍ക്കാര്‍ നിഷേധിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലാക്കി മാറ്റാന്‍ പോലീസ് ശ്രമം ആരംഭിച്ചത്.
പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വച്ച് കര്‍ഷകരെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ കേന്ദ്രസേനയെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.
കാര്‍ഷിക വിരുദ്ധനയങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.