തിരുവനന്തപുരം : പോലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പോലീസിന് നിർദേശം നൽകി. പോലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ ഇന്നലെ പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്മാൻ പരാതിപ്പെട്ടിരുന്നു. നിയമഭേദഗതി പ്രകാരം വരുന്ന ആദ്യ പരാതിയായിരുന്നു ഇത്. നിലവിൽ നിയമഭേദഗതിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചതോടെ ഈ കേസിലടക്കം നടപടിയെടുക്കാൻ പോലീസിന് സാധിക്കില്ല.
ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതില്‍ ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഇടപെടലെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.