തൃശൂര്‍: ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം ഭാര്യയുടെയും സുഹൃത്തിന്റെയും കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് പോലീസ് കേസില്‍പ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ആനപ്പുഴ ബാസ്റ്റിന്‍തുരുത്ത് സ്വദേശി കിരണ്‍ (34) നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയെ ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഗള്‍ഫിലുള്ള ഭര്‍ത്താവാണ് ഭാര്യയെയും സുഹൃത്തിനെയും കുടുക്കാനായി കാറില്‍ എം ഡി എം എ വയ്ക്കാനുള്ള ക്വട്ടേഷന്‍ കിരണിന് നല്‍കിയത്.
ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരം യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറില്‍ എം ഡി എം എ വക്കുകയായിരുന്നു പ്രതി. എം ഡി എം എ പാക്കറ്റ് കാറില്‍ വച്ച ശേഷം കാറിന്റെ ചിത്രങ്ങള്‍ ഗള്‍ഫിലുള്ള ശ്രീകുമാറിന് കിരണ്‍ അയച്ചു കൊടുക്കുകയും ചെയ്തു. ശേഷം ശ്രീകുമാര്‍ തന്റെ സുഹൃത്ത് വഴി കൊടുങ്ങല്ലൂര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തറിഞ്ഞത്. ഈ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.