തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം. ക്രൂര മർദനത്തിന് പുറമെ കൈയിലുണ്ടായിരുന്ന പണവും പത്തംഗ സംഘം അപഹരിച്ചു. സംഭവത്തിൽ നാല് പ്രതികളെ പോലീസ് പിടികൂടി. പ്രതികളുടെ സുഹൃത്തായ ഒരു യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു മർദനം. പൂജപ്പുര ആലപ്പുറം സ്വദേശിയായ വിഷ്ണു എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഇതിൽ പങ്കെടുക്കാനായി എത്തിയ മരണപ്പെട്ട വിഷ്ണുവിന്റെ സുഹൃത്തായ തിരുമല പ്രവീണിനെയാണ് 10 പേരടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പെടെ അപഹരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മരണപ്പെട്ട വിഷ്ണുവിന്റെ നേമത്തുള്ള കുടുംബ വീടിനടുത്ത് കൊണ്ടുവന്ന് വീണ്ടും മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
പാപ്പനംകോട് ഗംഗ നഗർ സ്വദേശി ആദിത്യ വിജയൻ, പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അശ്വിൻ വിജയ്, വിഷ്ണു, കാട്ടാക്കട സ്വദേശി മുജീഷ് ഖാൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇവരിൽ ഒരാളെ കാഞ്ഞിരംകുളം ഭാഗത്തു നിന്നും ഒരാളെ കൊല്ലം അഞ്ചാലുംമൂട് ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് തമ്പാനൂർ പോലീസ് പറഞ്ഞു. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബിനുമോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ ബോബൻ, ശ്രീരാഗ്, സൂരജ്, അനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.