ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പോലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്. വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി.
ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത വടപളനി പോലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.