സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പാട്ട ഭൂമിയിൽ നിന്ന് പുള്ളിമാനിനെ വേട്ടയാടിയ അഞ്ചംഗ സംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു( The police arrested the poaching gang). ഇന്നലെ പകൽ 12 മണിയോട് കൂടി പൊൻകഴി സെക്ഷൻ ഫോറസ്റ്റ് പരിധിയിൽ വരുന്ന മുറിയൻകുന്ന് വെച്ചായിരുന്നു മാൻ വേട്ട. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകളും 49 കിലോ മാനിറച്ചിയും കണ്ടെടുത്തു. രാത്രി മാനിനെ വെടിവെച്ച ശേഷം പകൽ തെരഞ്ഞ് കണ്ടെത്തി ഇറച്ചിയാക്കുകയാണ് ഇവരുടെ പതിവ്. മുറിയൻ കുന്നിൽ, ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപരിശോധന നടത്തുന്നതിനിടെയാണ് വന പാലകരെ കണ്ടയുടൻ രണ്ട് പ്രതികൾ ഓടി മറഞ്ഞത്. ഇവരെ പിൻതുടർന്ന് പിടികൂടിയതോടെയാണ് മാൻ വേട്ടയുടെ വിവരം പുറത്തായത്. പിടിയിലായ രണ്ട് പേരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവ സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെയും പിടി കൂടാനായത്. പാട്ട ഭൂമിയിൽ, ഒളിപ്പിച്ചു വെച്ച നിലയിൽ മാനിറച്ചിയും ഒരു എയർ ഗണ്ണും രണ്ട് നാടൻ തോക്കും കണ്ടെടുത്തു.
മേപ്പാടി പുതുക്കാട് പള്ളി പറമ്പ് ബാബുമോൻ (42), തൃശ്ശിലേരി നുഞ്ചിക്കണ്ടി വീട്ടിൽ ചന്ദ്രൻ (37), ബാലുശ്ശേരി പനങ്ങാട് കാരന്നൊത്ത് വീട്ടിൽ രഞ്ജിത്ത് (31), പ്രകാശൻ (23), കാട്ടിക്കുളം അറ്റാത്ത് വീട്ടിൽ എ.വി. അനീഷ് (20) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. വനത്തോട് ചേർന്ന പാട്ട ഭൂമി സ്വകാര്യ വ്യക്തി ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി ഉപയോഗിച്ച് വരുകയായിരുന്നു. പ്രതികളെല്ലാം തോട്ടത്തിലെ പണിക്കാരാണ്. ബാബു മോൻ്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തിരുന്നത്. വേട്ട സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസിൻ്റെ സംശയം. സംഭവത്തെ തുടർന്ന് വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് പുറമെ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജെ. സുധീൻ, ബി.എഫ്.ഒ മാരായ ജിബിത്ത് ചന്ദ്രൻ, ആർ. സതീഷ് കുമാർ, കെ. ഉമേഷ് , എ.വി. തങ്കമ്മ, ടി.പി. ഗിരിജ , എം.വി. ഗോവിന്ദൻ, കെ.വി. രജിത എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.