പത്തനംതിട്ട : ജില്ലാ പോലീസിന് അനുവദിച്ച രണ്ടാമത്തെ സബ്‌സിഡിയറി കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ സായുധ റിസര്‍വ് പോലീസ് ക്യാമ്പിലെ പുതിയ കെട്ടിടത്തില്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പനയും ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു. ലോക്ക്ഡൗണ്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സാഹചര്യം പരിഗണിച്ച് ക്യാന്റീനില്‍ വില്‍ക്കുന്ന വിവിധ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ സൗകര്യം പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാലയളവില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ‘ഷോപ്പ് ആപ്പ്’എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷകള്‍ കാന്റീന്‍ മാനേജര്‍ക്ക് നല്‍കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും അവശ്യവസ്തുക്കളുടെ ലഭ്യതയിലുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരമാകും പുതിയ കാന്റീന്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുംവിധം ജില്ലാ ആസ്ഥാനത്ത് തുടങ്ങിയ കാന്റീന്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട്, ജില്ലയിലെ വിവിധ യൂണിറ്റുകളുടെ മേധാവിമാരായ ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.