തിരുവനന്തപുരം : കോവിഡ് രോഗം കണ്ടെത്താന്‍ പോലീസ് നായ്ക്കള്‍ എത്തുന്നു. ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്നത് കേരളത്തില്‍. ക്രിമിനലുകളെയും കുറ്റവാളികളെയും പിടികൂടാന്‍ മാത്രമല്ല മനുഷ്യരിലെ രോഗങ്ങള്‍ തിരിച്ചറിയാനും ഇവയ്ക്ക് കഴിയും. പോലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലാണ് ഇപ്പോള്‍ തൃശൂര്‍ പോലീസ് അക്കാഡമി.
അമേരിക്ക, ഇംഗ്‌ളണ്ട്, ഫ്രാന്‍സ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ബ്രെസ്റ്റ് കാന്‍സര്‍, കൊച്ചുകുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ലഡ് കാന്‍സര്‍, ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായി നായ്ക്കളെ പരിശീലിപ്പിക്കാന്‍ തൃശൂര്‍ പോലീസ് അക്കാഡമിയില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി തേടി. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗനിര്‍ണയം സംബന്ധിച്ച പരിശീലനം നല്‍കും.
ഏറെക്കാലമായി കാന്‍സര്‍ ഉള്‍പെടെയുള്ള രോഗങ്ങള്‍ പണച്ചെലവില്ലാതെ കണ്ടെത്താനായി നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പോലീസ് അക്കാഡമിയില്‍ പരിശീലകരുടെയും ചുമതലക്കാരുടെയും ആലോചനയിലുണ്ടെങ്കിലും കോവിഡ് വന്നതോടെയാണ് രോഗനിയന്ത്രണത്തിന് നായ്ക്കളുടെ സേവനം ആവശ്യമാണെന്ന തോന്നല്‍ ശക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് അനുമതി തേടി കത്തയച്ചത്. എന്നാല്‍ കത്തില്‍ ഇതുവരെയും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
കാന്‍സര്‍ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയര്‍പ്പിന്റെ ഗന്ധം തിരിച്ചറിഞ്ഞാണ് രോഗമുള്ളവരെ നായ്ക്കള്‍ കണ്ടെത്തുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ ഉള്ള സ്ത്രീകളുടെ ബ്രേസിയറുകളിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കുന്നത്.
വിയര്‍പ്പ് ഗന്ധത്തിലൂടെയാണ് കോവിഡ് രോഗികളുടെ തിരിച്ചറിയല്‍ പരിശീലനവും ഉദ്ദേശിക്കുന്നതെങ്കിലും സ്രവങ്ങള്‍ മണത്തും രോഗമുള്ളവരെ കണ്ടെത്താമെന്ന അഭിപ്രായവും പരിശീലനത്തിനായി പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണമുണ്ടെങ്കിലേ രോഗികളുടെ വസ്ത്രങ്ങളും മറ്റും പരിശീലന ആവശ്യത്തിനായി ലഭ്യമാകൂ. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് ഉറപ്പാക്കേണ്ടത്.
പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് എത്ര ആള്‍ക്കൂട്ടത്തിനിടയിലും കോവിഡ് ബാധിതരെയും മറ്റും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് യു എ ഇയിലും മറ്റും കോവിഡ് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനകള്‍ തെളിയിച്ചിരിക്കുന്നത്. രോഗികളുടെ വിയര്‍പ്പ് ഗന്ധത്തില്‍ നിന്നാണ് നായ്ക്കള്‍ ഇവരെ തിരിച്ചറിഞ്ഞത്.
ശാസ്ത്രീയ പഠനങ്ങള്‍ക്ക് പുറമേ പ്രായോഗിക പരീക്ഷണം കൂടി പൂര്‍ത്തിയാക്കിയാണ് മണം പിടിക്കുന്ന നായ്ക്കളെ കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനും വിദേശങ്ങളില്‍ മുമ്പ് നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.
രോഗികളുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന തകരാറും രോഗത്തെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും വിയര്‍പ്പ് ഗന്ധത്തിലൂടെ നായ്ക്കള്‍ക്ക് വിവേചിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വെളിപ്പെടുത്തല്‍. ഘ്രാണശക്തിയിലും കൂര്‍മ ബുദ്ധിയിലും അഗ്രഗണ്യരായ ഡോബര്‍മാന്‍, ബീഗിള്‍ നായ്ക്കളെയാണ് പോലീസ് അക്കാഡമിയില്‍ പരിശീലനത്തിനായി പരിഗണിക്കുന്നത്.