തിരുവനന്തപുരം: മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പസിൽ ആരംഭിക്കുന്ന പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ആദ്യ ബാച്ചിന്റെ പരിശീലനം മെയ് ഒന്നിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. എം.എസ്.പി. എല്‍.പി. സ്‌കൂള്‍ മൈതാനം, സമീപമുള്ള കൂട്ടിലങ്ങാടി മൈതാനം എന്നിവിടങ്ങളിലായിരിക്കും പരിശീലനം നടക്കുക.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പസിൽ ആരംഭിക്കുന്ന പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യ ബാച്ച് ഉടന്‍. ആദ്യ ബാച്ചിന്റെ പരിശീലനം മെയ് ഒന്നിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. എം.എസ്.പി. എല്‍.പി. സ്‌കൂള്‍ മൈതാനം, സമീപമുള്ള കൂട്ടിലങ്ങാടി മൈതാനം എന്നിവിടങ്ങളിലായിരിക്കും പരിശീലനം.
അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അക്കാദമിയില്‍ പരിശീലനം നല്‍കുക. 25 വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് എം.എസ്.പി സ്‌കൂളില്‍ പ്രവേശനം നല്‍കും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പോലീസ് വകുപ്പിലുള്ള അന്തര്‍ദേശീയ കായിക താരങ്ങളെ പരിശീലകരായി നിയമിച്ചാണ് പരിശീലന പരിപാടി.
മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കാദമിയുടെ ഡയറക്ടറായി പ്രശ്‌സ്ത ഫുട്‌ബോള്‍ താരവും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു.