തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തു. മേലേതോന്നയ്ക്കൽ ഖബറടി നിഹാസ് മൻസിലിൽ ബിലാൽ (18) നെയാണ് കാറിലെത്തിയ ഏഴംഗസംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. മംഗലപുരം കാരോട് വെച്ചായിരുന്നു സംഭവം. കാറിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷവും സംഘം പിൻതുടർന്നെത്തി അസഭ്യം പറഞ്ഞുവെന്ന് യുവാവിന്‍റെ വീട്ടുകാർ മംഗലപുരം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു.
പരാതിയെ തുടർന്ന് മംഗലപുരം സ്വദേശികളായ യാസീൻ, സജീദ്, ഷമീർ, നാഫി കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ സ്കൂട്ടർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത് എതിർ സംഘത്തെ വരുതിയിലാക്കാനാണെന്നും വിവരം ലഭിച്ചതായി പോലീസ്. പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പോലീസ് അറിയിച്ചു.