മഞ്ചേശ്വരം : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 60 വയസുകാരിയായ ഹിൽഡ ഡിസൂസയാണ് മരിച്ചത്. കൃത്യത്തിന് ശേഷം മുങ്ങിയ പ്രതി മെൽവിൻ മൊണ്ടേരയെ മണിക്കൂറുകൾക്കുള്ളിൽ കർണാടകത്തിലെ കുന്ദാപുരത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു. ഉറങ്ങിക്കിടന്ന ഹിൽഡ ഡിസൂസയെ മകൻ മെൽവിൽ മൊണ്ടേര തലക്കടിച്ച് കൊന്ന ശേഷം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകിൽ കൊണ്ടിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അയൽവാസിയും ബന്ധുവുമായ ലോലിതയെ വിളിച്ച് വരുത്തി. യുവതിയുടെ കഴുത്ത് ഞെരിക്കുകയും തീ കൊളുത്തുകയും ചെയ്തു. പൊള്ളലേറ്റ മുപ്പത് വയസുകാരി ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെന്നും കൊലപാതക കാരണം കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡി പറഞ്ഞു.