കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥൻ സുകാന്തിനെ തിരഞ്ഞ് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് ഒളിവിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.
ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് പാളത്തിലൂടെ നടക്കുമ്പോൾ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പോലീസ് പറയുന്നു. ഫോൺ രേഖകൾ പരിശോധിക്കുമ്പോൾ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികൾ നീണ്ടിട്ടുള്ളത്. ഈ ഫോൺ വിളികൾ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പോലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്. രാജസ്ഥാനിലെ ജോധ്പുരിൽ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം മാറ്റിയിട്ടുണ്ട്.
അപൂർവമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടിൽ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാൽ യാത്ര ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേൽ കൂടുതൽ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു. ഫോൺ ഓഫാക്കി ഒളിവിൽ പോയ സുകാന്തിനായുള്ള തിരച്ചിലിൽ ഐബിയുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം സുകാന്ത് ഒളിവിൽ പോയത് പോലീസിന്റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.