കൊച്ചി: അത്യാവശ്യത്തിന് വിളിച്ചാല്‍ ഇനി പോലീസ് ഉടന്‍ എത്തില്ല, കാരണം എണ്ണയടിക്കാന്‍ പണമില്ല. അതിവേഗ യാത്രയ്ക്ക് ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങിയ പോലീസിന് റോഡില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം വാങ്ങാന്‍ പോലും പണല്ലാതെ ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക ഒന്നരക്കോടിയായി ഉയര്‍ന്നതോടെ പല ജില്ലകളിലും വാഹന ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി.
സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കലും അനന്തമായി നീളുകയാണ്. അതിവേഗം പറക്കാനൊരുങ്ങിയ ഡി.ജി.പിയും കൂട്ടരും ഡിസംബര്‍ പകുതിയോടെ ഹെലികോപ്ടര്‍ കേരളത്തിലെത്തിക്കാനായിരുന്നു തീരുമാനിച്ചത്. മുഖ്യമന്ത്രി പിന്തുണ നല്‍കിയതോടെ ഡല്‍ഹിയിലെ പവന്‍ ഹന്‍സ് കമ്പനിയുമായി കരാറൊപ്പിട്ടിരുന്നു. പക്ഷേ മൂന്ന് മാസത്തെ വാടക, അതായത് നാലരക്കോടിയോളം രൂപ മുന്‍കൂറായി നല്‍കിയാലേ കമ്പനി ഹെലികോപ്ടര്‍ തരു. പ്രതീക്ഷിച്ച കേന്ദ്രഫണ്ടും ചോദിച്ച സംസ്ഥാന ഫണ്ടുമൊന്നും കിട്ടാത്തതിനാല്‍ ഹെലികോപ്ടര്‍ സ്വപ്നം കണ്ണു തുറക്കും മുമ്പേ മാഞ്ഞുപോയി.