പത്തനംതിട്ട : പോപ്പുലര്‍ തട്ടിപ്പുകേസില്‍ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തം. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പരാതിയുമായി പോലീസ് സ്റ്റേഷന്റെ പടികള്‍ കയറിയിറങ്ങുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. തകര്‍ന്ന മനസ്സുമായി എത്തുന്ന പരാതിക്കാരോട് ഒന്നു മര്യാദക്ക് സംസാരിക്കുവാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. പത്തനംതിട്ടയില്‍ മാത്രമല്ല കേരളത്തില്‍ മൊത്തം ഇതാണ് അവസ്ഥ.
പോപ്പുലര്‍ റോയിയെയും കുടുംബത്തെയും പോലീസ് വഴിവിട്ട് സഹായിക്കുകയാണെന്ന് തുടക്കംമുതല്‍ ആരോപണമുണ്ടായിരുന്നു. വകയാര്‍ കേന്ദ്ര ഓഫീസിനു മുമ്പില്‍ ഒന്നിച്ചു കൂടുവാന്‍ നിക്ഷേപകരെ അനുവദിച്ചിരുന്നില്ല. മിക്കപ്പോഴും വിരട്ടി ഓടിക്കുന്നത് കാണാമായിരുന്നു. കോവിഡിനെ പഴിചാരിയായിരുന്നു ഇതൊക്കെ. പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി ചെന്നപ്പോഴും അത് സ്വീകരിക്കുവാന്‍ പോലീസ് തയ്യാറായിരുന്നില്ല. സോളാര്‍ കേസില്‍ നാടൊട്ടുക്ക് കേസ് രജിസ്റ്റര്‍ ചെയ്ത കേരളാ പോലീസ് പോപ്പുലര്‍ കേസില്‍ ഒറ്റ എഫ്.ഐ.ആര്‍ മതിയെന്ന് തീരുമാനിച്ചു. സാക്ഷാല്‍ ഡി.ജി.പി തന്നെ ചരിത്രപ്രാധാന്യമുള്ള ഈ ഉത്തരവും പുറത്തിറക്കി. അങ്ങനെ കോന്നിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ സാക്ഷികളായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകരെ എഴുതിച്ചേര്‍ത്തു. വാദിയെ പ്രതിയാക്കുന്നതും പരാതിക്കാരെ സാക്ഷിയാക്കുന്നതും പോലീസാണല്ലോ. അവര്‍ റോയിച്ചായനുവേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുകയാണ്. കാലണ കയ്യിലില്ലാത്ത നിക്ഷേപകരെക്കാള്‍ നല്ലത് ആയിരക്കണക്കിന് കോടികള്‍ കൈവശമുള്ള പോപ്പുലര്‍ കുടുംബം ആണെന്നതില്‍ കൊച്ചു കുട്ടികള്‍ക്ക് പോലും സംശയം ഉണ്ടാകില്ല.
പരാതി സ്വീകരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ നിക്ഷേപകരുടെ സംഘടന ഹൈക്കോടതിയില്‍ പോയി. ഓരോ പരാതിക്കും പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവും ഇട്ടു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് ഇതൊന്നും അറിഞ്ഞമട്ടു കാണിച്ചില്ല. ഡി.ജി.പി പുതിയ ഉത്തരവ് നല്‍കിയിട്ടില്ല എന്ന് വളരെ സ്പുടമായി പറയുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. നിക്ഷേപകരുടെ സംഘടന വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഏതാനും ദിവസംമുമ്പ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകണം തേടി. കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം പോലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ എട്ടിന് മുമ്പ് കോടതിയെ അറിയിക്കാന്‍ ഉത്തരവിട്ടു. എന്നിട്ടും പോലീസിന് അനക്കം വെച്ചില്ല. ചുരുക്കം ചില പോലീസ് സ്റ്റേഷനുകളില്‍ കുറച്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരാതിയുമായി ചെല്ലുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന നടപടികള്‍ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്നും നിക്ഷേപകര്‍ നേരിടുന്നുണ്ട്. കേസ് നല്‍കിയിട്ട് കാര്യമില്ലെന്നും പോയത് പോയി എന്നും മുഖത്തുനോക്കി പറയുമ്പോള്‍ തകര്‍ന്ന മനസ്സുമായാണ് പലരും മടങ്ങുന്നത്. ഇവരുടെ വേദന വാട്സപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുമ്പോഴാണ് മറ്റുള്ളവര്‍ ഇത് അറിയുന്നത്. കേരളം കണ്ടതില്‍ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും നിക്ഷേപകരെ സഹായിക്കുവാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നില്ല. രാഷ്ട്രീയക്കാര്‍ മുഖം രക്ഷിക്കുവാനുള്ള പൊടിക്കൈകളുമായി രംഗത്തുണ്ട്. രോഗികളും വയോധികരും പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി മടുത്തു. ജനമൈത്രി പോലീസ് രോഗികളെയും വയോധികരെയും സഹായിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ജനങ്ങളിലേക്ക് എത്തുമ്പോഴാണ് ഒരുവശത്ത് ഇതുപോലെയുള്ളവരെ കഷ്ടപ്പെടുത്തുന്നത്.
പരാതിക്കാര്‍ പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായി മൊഴിയില്‍ എഴുതുന്നില്ലെന്നും പോപ്പുലര്‍ കേസിലെ മുഴുവന്‍ പ്രതികളുടെയും പേര് പറഞ്ഞു കൊടുത്താലും തോമസ് ദാനിയേല്‍ എന്ന റോയിയുടെ പേര് മാത്രമാണ് മൊഴിയില്‍ രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകര്‍ വ്യാപകമായി പരാതിപ്പെടുന്നു. ചില പോലീസ് സ്റ്റേഷനുകളില്‍ പോപ്പുലര്‍ ഫൈനാന്‍സ് ഉടമകള്‍ എന്നുമാത്രമേ എഴുതുകയുള്ളു. പ്രതികളുടെ പേര് മൊഴിയില്‍ നിന്നും മനപൂര്‍വം ഒഴിവാക്കുന്ന പോലീസിന്റെ നടപടി ഏറെ സംശയത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. എഫ്.ഐ.ആറിന്റെ പകര്‍പ്പ് ചോദിച്ചാലും കൊടുക്കുവാന്‍ കാലതാമസം വരുത്തുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. തട്ടിപ്പിനിരയായ നിക്ഷേപകര്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. ഒരാള്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് നീതി നടപ്പിലാക്കുവാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നത് ആശ്ചര്യപ്പെടുത്തുന്നു. ഇതിലൂടെ ചെറുകിട നിക്ഷേപകരെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ്. ഉന്നതന്മാരും കോടികള്‍ നിക്ഷേപിച്ചവരും ഒരിക്കലും അന്വേഷണം നേരിടേണ്ടിവരില്ല. തന്നെയുമല്ല ഇത്തരം ഒരു വാര്‍ത്തയും നടപടികളും പുറത്തുവിട്ടത് ബോധപൂര്‍വം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടികള്‍ നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞാല്‍ ആരും പരാതിയുമായി വരില്ല. ഇത് പോപ്പുലര്‍ ഉടമകള്‍ക്ക് ഏറെ സഹായകരവുമാണ്. കോടതിയില്‍ എത്തുന്ന പരാതിക്കാര്‍ക്ക് പണം കൊടുത്തു തീര്‍ത്താല്‍ വലിയ പരുക്കുകള്‍ കൂടാതെ ഇവര്‍ക്ക് എത്രയും പെട്ടെന്ന് ആസ്ട്രേലിയയിലേക്ക് പറക്കുകയും ചെയ്യാം. ഇനിയെന്തായാലും ഇവര്‍ കേരളത്തിലോ ഇന്ത്യയിലോ ജീവിക്കാന്‍ തയ്യാറാകില്ല എന്നാണ് ലഭിക്കുന്ന വിവരം.
കൂടത്തായി കേസിലൂടെ ജനമനസ്സുകളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയ പോലീസ് ഓഫീസര്‍ ആയിരുന്നു കെ.ജി സൈമണ്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ ഇദ്ദേഹത്തിന്റെ നേത്രുത്വത്തില്‍ പോപ്പുലര്‍ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പോലീസിന്റെ അന്വേഷണത്തിലും നടപടിയിലും നിക്ഷേപകര്‍ സന്തുഷ്ടരല്ല. കെ.ജി സൈമണ് ജനഹൃദയങ്ങളില്‍ ഉണ്ടായിരുന്ന സ്വാധീനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.