കൊച്ചി : പി. ജയരാജന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നില്ലെന്ന് പരാതി ഷുഹൈബ് വധം അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഷുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ തലശ്ശേരി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. കേസില്‍ സമഗ്ര അന്വേഷണമുണ്ടായില്ലെന്നും ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.