തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും വീണ്ടെടുത്തതായി പോലീസ്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് സുഹൃത്ത് ആണ് വീഡിയോ കോള്‍ ചെയ്യുന്നത് എന്ന് വരുത്തി തീര്‍ത്ത് 40000 രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് ഇടപെടല്‍. നഷ്ടമായ 40000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ രത്നാകര്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഈ കൈമാറ്റം തടഞ്ഞതായും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും രത്നാകര്‍ ബാങ്ക് അറിയിച്ചതായി സൈബര്‍ പോലീസാണ് അറിയിച്ചത്. പണം തിരികെ ലഭിക്കാന്‍ നടപടി തുടങ്ങിയതായി സൈബര്‍ ഓപ്പറേഷന്‍സ് എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ പോയതിന് പിന്നാലെ പോലീസ് ബാങ്കുകള്‍ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.