തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരില്‍ തലസ്ഥാനനഗരിയിലുള്‍പ്പെടെ സംസ്ഥാനത്ത് സ്ഥാപിച്ച റെഡ് ബട്ടണുകളും നോക്കുകുത്തിയായി. ഏതാനും ദിവസം മുമ്ബ് കാഞ്ഞിരംപാറ കോളനിയിലെ വീട്ടില്‍ നിന്നിറക്കിവിട്ട അമ്മയും മകളും രാത്രി കവടിയാര്‍ സിഗ്നലിന് സമീപമെത്തി റെഡ് ബട്ടണ്‍അമര്‍ത്തി പൊലീസ് സഹായംതേടിയപ്പോഴാണ് റെഡ് ബട്ടണിന്റെ പൊള്ളത്തരങ്ങള്‍ പുറത്തായത്.
റെഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അവ പ്രവര്‍ത്തന രഹിതമാണെന്ന മറുപടിയാണ് പലയിടത്തും ലഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കവടിയാറിലെ റെഡ് ബട്ടണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഒരു മാസത്തിലേറെയായി ഇത് പ്രവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരത്ത് മാത്രമല്ല തൃശൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും റെഡ് ബട്ടണിന്റെ സ്ഥിതി വ്യത്യസ്തമല്ല.
റെഡ്-ബട്ടണില്‍ വിരലുകളമര്‍ത്തിയാല്‍ ഉടന്‍ പൊലീസ് സഹായം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.സഹായമാവശ്യപ്പെടുന്നയാള്‍ നില്‍ക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പൊലീസ്- കണ്‍ട്രോള്‍ റൂമില്‍ ദൃശ്യമാവുന്ന സംവിധാനമായിരുന്നു ഇത്. നിമിഷങ്ങള്‍ക്കകം സുരക്ഷയ്ക്കായി പൊലീസ് വാഹനം സംഭവസ്ഥലത്തെത്തുമെന്നും മറ്റുമായിരുന്നു പ്രഖ്യാപനം.
ബട്ടണ്‍ പ്രവര്‍ത്തരഹിതമായതോടെ സഹായം തേടുന്നവരുടെ കാത്തിരിപ്പ് വെറുതേയാകുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഏതൊരാള്‍ക്കും സഹായമഭ്യര്‍ത്ഥിക്കാനും കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറാനും ഇതില്‍ സംവിധാനമുണ്ടായിരുന്നു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനു കീഴിലുള്ള ആര്‍ ബട്ടന്‍ ടെക്‌നോളജി എന്ന സ്ഥാപനമാണ് റെഡ് ബട്ടണ്‍ സംവിധാനം സജ്ജമാക്കിയത്. എന്നാല്‍ ഇ-ബീറ്റിന് പിന്നാലെ ലക്ഷങ്ങള്‍ ചെലവഴിച്ച റെഡ് ബട്ടണും നോക്കുകുത്തിയായി മാറിയ നിലയിലാണ്.