തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടിയത് ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായത്.
ഇവർക്കൊപ്പമുണ്ടായെന്ന് പറയപ്പെടുന്ന ബീമാപ്പള്ളി സ്വദേശി ഫിറോസ് ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് ഫോർട്ട് പോലീസ് കേസെടുത്തത്. അമ്പതോളം പേരിൽ നിന്നും സെക്രട്ടേറിയറ്റിലെ താൽക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങളാണ് തട്ടിയത്. നോട്ടുകൾക്കൊപ്പം ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയിലൂടെയാണ് പണം നൽകിയതെന്നതിനാൽ രേഖകളടക്കം പരാതികളാണ് ഓരോദിവസവും വിവിധ സ്റ്റേഷനുകളിലെത്തുന്നത്. ഇരയായവരിൽ ഏറെയും മത്സ്യത്തൊഴിലാളികളികളാണെന്നതിനാൽ പൂന്തുറ, ഫോർട്ട്, അരുവിക്കര, തിരുവല്ലം സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചിരിക്കുന്നത്.
പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ ഉള്ളവരാണ് കൂടുതലായും ഇയാളുടെ തട്ടിപ്പിന് ഇരയായത്. പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് അനിൽ ബാബുവിനെ വിളിപ്പിച്ചെങ്കിലും തിങ്കളാഴ്ച പണം മുഴുവൻ തിരികെ നൽകാമെന്ന് അറിയിച്ചു. ഇതോടെ പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാരിൽ ഭൂരിപക്ഷവും മടങ്ങി. എന്നാൽ തിങ്കളാഴ്ച പോലീസ് ഉൾപ്പടെ വിളിച്ചിട്ടും പണം തിരികെ നൽകാൻ വീണ്ടും മാസങ്ങളുടെ അവധിയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രതികളും നിലവിൽ ഒളിവിലാണ്. നഗരത്തിലടക്കം ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.