കോഴിക്കോട്: കോഴിക്കോട് അടിവാരം സംഘർഷത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. സി.പി.എം-ബി.ജെ.പി പ്രവർത്തകരായ 24 പേർക്കെതിരെയാണ് കേസ്. വിഷയത്തിൽ സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. വെസ്റ്റ് കൈതപ്പൊയിലിലെ കള്ളുഷാപ്പിൽ അക്രമണം നടത്തിയതിന് മൂന്നു പേർക്കെതിരെയും മാളികയിൽ ശശിയുടെ വീട് അക്രമിച്ചതിൽ 18 പേർക്കെതിരെയുമാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കള്ളുഷാപ്പ് നടത്തിപ്പുകാരൻ ബിജുവിൻ്റെ വീട് ആക്രമിച്ചതിൽ മൂന്നു പേർക്കെതിരെ കോടഞ്ചേരി പോലീസും കേസെടുത്തു. തിങ്കളാഴ്ച രാത്രി കള്ളുഷാപ്പിൽ വെച്ചുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് വീട് കയറിയുള്ള ആക്രമണങ്ങളിൽ കലാശിച്ചത്.
സി.പി.എം പ്രാദേശിക നേതാക്കൾക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. താമരശ്ശേരി അടിവാരത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ കമ്മിറ്റിയംഗം ആർ.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മാളികയിൽ ശശിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രാദേശിക നേതൃത്വം അടിവാരത്ത് പ്രകടനം സംഘടിപ്പിച്ചു. വിഷയത്തിൽ സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജാഗ്രതയിലാണ് പോലീസ്.